Wednesday, November 26, 2008

മദ്യവിരുദ്ധ സമരത്തിന്‌ SSF‌ പിന്തുണ


മലപ്പുറം: മദ്യനിരോധന സമിതിയുടെ ആഭ്യമുഖ്യത്തില്‍ കലക്ടറേറ്റ്‌ പടിക്കല്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്‌ പിന്തുണ അര്‍പ്പിച്ച്‌ എസ്‌എസ്‌എഫ്‌ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ പ്രകടനം നടത്തി. ജില്ലാ പ്രതിനിധിസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രവര്‍ത്തകകര്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി എഎ റഹീം പ്രസംഗിച്ചു. സയ്യിദ്‌ സൈനുല്‍ ആബിദ്‌, പിപി മുജീബുറഹ്മാന്‍, ശക്കീര്‍ അരിമ്പ്ര സംബന്ധിച്ചു.

നേരിന്റെ പക്ഷത്തു നില്‍ക്കാന്‍ നെഞ്ചുറപ്പിന്റെ പ്രവാഹം

മലപ്പുറം: ധാര്‍മ്മിക വിപ്ലവ മുന്നേറ്റത്തിന്റെ വരവറിയിച്ച്‌ മലപ്പുറത്ത്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ത്ഥാനത്തിന്റെ മഹാ പ്രവാഹം. കര്‍മധന്യമായ ഇന്നലകളുടെ വിപ്ലവ വീര്യവുമായി ആധര്‍ശ പോരാളികള്‍ ആര്‍ത്തലച്ചെത്തിയപ്പോള്‍ പോരാട്ട ഭൂമിക ഹരിത- ധവള-നീലിമയില്‍ പൂത്തുലഞ്ഞു. സംഘ ഗാഥയുടെ ഉണര്‍ത്തുപാട്ടുമായി ചുവടുവെച്ച സുന്നി കൈരളിയുടെ സമര ഭടന്മാര്‍ വീരോതിഹാസങ്ങളുടെ ദീപ്തസ്മരണകളില്‍ ധന്യമായ വാരിയന്‍കുന്നന്റെ മണ്ണിന്‌ വിപ്ലവ ചൈതന്യം പകര്‍ന്നു. എസ്‌എസ്‌എഫ്‌ ജില്ലാ പ്രതിനിധിസമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ നടന്ന വിദ്യാര്‍ത്ഥിറാലി ആസ്ഥാന നഗരിയെ ശുഭ്ര സാഗരമാക്കി. നേരിന്റെ പക്ഷത്തുനില്‍ക്കാന്‍ നെഞ്ചുറപ്പോടെ ധര്‍മ പതാക വാഹകര്‍ ഒഴുകിയെത്തിയപ്പോള്‍ മലപ്പുറം മൂവര്‍ണ ശോഭയില്‍ മുങ്ങി. വൈദേശികാധിനിവേശത്തെ നെഞ്ചുറപ്പോടെ നേരിട്ട ഉമര്‍ഖാസിയുടെയും മമ്പുറം തങ്ങളുടെയും വാരിയന്‍ കുന്നന്റെയും ആലിമുസ്ലിയാരുടെയും പിന്‍മുറക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യമക്കളെ കൊല ചെയ്യുന്ന നരാധന്മാര്‍ക്കും രാജ്യം കാക്കേണ്ട സേനയില്‍ പോലും നുയഞ്ഞു കയറി കങ്കാണി പളിചെയ്യുന്ന ഫാസിസ്റ്റുകള്‍ക്കും കനത്ത താക്കീതു നല്‍കി. ഒത്തിണക്കവും അച്ചടക്കവും സംഗമിച്ച റാലി ചിട്ടപ്പെടുത്തിയ മനസ്സും ശരീരവുമായി ചുവടുവെച്ചപ്പോള്‍ പ്രകടനവും സമ്മേളനവും ഏറെകണ്ട ജില്ലക്ക്‌ പുത്തന്‍ അനുഭവമാണ്‌ പകര്‍ന്നത്‌. സ്ഫോടനങ്ങളും പൊട്ടിത്തെറികളും ഇസ്ലാമിന്റെ തലയില്‍ ചാര്‍ത്തി നിര്‍വൃതിയടങ്ങുന്നവരെ കരുതിയിരിക്കാന്‍ റാലി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്വം എട്ടുനിലയില്‍ പൊട്ടുമ്പോയും കാലുപിടിക്കാന്‍ ഓടി നടക്കുന്ന അധികാരി വത്തോടപ്പം കൂട്ടുകൂടാനാവില്ലന്ന്‌ റാലി മുന്നറിയിപ്പ്‌ നല്‍കി. ആധര്‍ശബോധത്തിന്റെ ആത്മ വീരവുമായി നെഞ്ചുറപ്പോടെ നീങ്ങിയ പ്രകടനത്തിന്റെ മുന്‍നിര സമാപന സമ്മേളന വേദിയായ കോട്ടപ്പടിയില്‍ എത്തിയിട്ടും പ്രകടനം തുടങ്ങിയ മൂന്നാ പടിയില്‍ നടന്നു നീങ്ങാന്‍ പ്രവര്‍ത്തകര്‍ ബാക്കിയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച പ്രകടനം മൂന്നാം പടിയില്‍ നിന്നും ജൂബിലി റോഡ്‌ വഴി പാലക്കാട്‌ റോഡിലൂടെ ബസ്റ്റാന്‍ഡ്‌ റോഡ്‌ വഴി നഗരം ചുറ്റി കോട്ടപടി ഡിഡി ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു. പതിനായിരങ്ങള്‍ കോട്ടപടിയില്‍ സംഗമിച്ചപ്പോള്‍ അത്‌ സുന്നി പടയുടെ മുന്നേറ്റത്തില്‍ മറ്റൊരു ചരിത്രമായി. മലപ്പുറം നഗരത്തെ കാല്‍ക്കീഴിലൊതുക്കി നടന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ സംഘടനയുടെ ജില്ലാ നേതാക്കളായിരുന്നു. തൊട്ടു പിന്നില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അണിനിരന്നു. ജില്ലാ പ്രതിനിധികള്‍ വിപ്ലവാഘോഷം മുഴക്കി മൂവര്‍ണകൊടിയേന്തി നീങ്ങിയത്‌ കണ്ടു നിന്നവരുടെ മനംകവര്‍ന്നു. ഇവര്‍ക്ക്‌ പിന്നാലെ അലകടലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രണ്ടു നിരയായി നീങ്ങി. പ്രവര്‍ത്തകരുടെ ഒഴുകില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടിയപ്പോള്‍ റാലിക്കഭിവാദ്യമര്‍പ്പിച്ച്‌ ഇരു വശവും നൂറുക്കണക്കിനാളുകളാണ്‌ ഇടംപിടിച്ചത്‌.
25/11/2008

Monday, November 24, 2008

SSF ‌ ജില്ലാ പ്രതിനിധി സമ്മേളനം, ഉജ്ജ്വല റാലിയോടെ സമാപനം


മലപ്പുറം: ധര്‍മ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ രണ്ടു നാളത്തെ ജില്ലാ പ്രതിനിധി സമ്മേളനത്തിന്‌ ആസ്ഥാന നഗരിയെ കാല്‍ക്കീഴിലൊതുക്കിയ ഉജ്ജ്വല റാലിയോടെ സമാപനം. വാരിയംകുന്നന്‍ ഓഡിറ്റോറിയത്തിലെ വെള്ളില ഉസ്താദ്‌ നഗറില്‍ രാവിലെ നടന്ന പ്രതിനിധി സമ്മേളനം എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഡിവിഷന്‍, സെക്ടര്‍ ഘടകങ്ങളില്‍ നിന്നുള്ള 1260 കര്‍മ ഭടന്‍മാര്‍ പ്രതനിധികളായെത്തി. ഉച്ചക്ക്‌ നടന്ന പ്രവര്‍ത്തകരുടെ സംഗമം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍വി അബ്ദുര്‍റസാഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കീലത്ത്‌ മുഹമ്മദ്‌ മാസ്റ്റര്‍, പ്രൊഫ. കെഎം റഹീം, സിപി സൈതലവി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രഭാഷണം നടത്തി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനാ നേതാക്കളെ ഐപിബി ഡയറക്ടര്‍ എം.മുഹമ്മദ്‌ സ്വാദിഖ്‌ പ്രഖ്യാപിച്ചു. വൈകുന്നേരം മുന്നു മണിക്ക്‌ മൂന്നാംപടിയില്‍ നിന്നാരംഭിച്ച റാലിയില്‍ അരലക്ഷം പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ മക്കളെ കൊല ചെയ്യുന്ന നരാധമന്‍മാര്‍ക്കും രാജ്യം കാക്കേണ്ട സേനയില്‍ പോലും കയറിപ്പറ്റി കങ്കാണിപ്പണി ചെയ്യുന്ന ഫാസിസ്റ്റുകള്‍ക്കും റാലി താക്കീതു നല്‍കി. റാലിക്ക്‌ ജില്ലാ നേതാക്കന്‍മാര്‍ നേതൃത്വം നല്‍കി. ശേഷം കോട്ടപ്പടിയില്‍ നടന്ന സമാപന പൊതുസമ്മേളനം എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ മുഹമ്മദ്‌ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. എന്‍എം സ്വാദിഖ്‌ സഖാഫി, വിപിഎം ബഷീര്‍, എം.മുഹമ്മദ്‌ സ്വാദിഖ്‌, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, എം.അബൂബക്കര്‍ മാസ്റ്റര്‍, ബാവ മുസ്ലിയാര്‍ ക്ലാരി, വിപിഎം ഇഷാഖ്‌, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍വി അബ്ദുര്‍റസാഖ്‌ സഖാഫി, എഎ റഹീം, ബഷീര്‍ രണ്ടത്താണി പ്രസംഗിച്ചു.


എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ പ്രതിനിധി ക്യാമ്പില്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍

news and pic : www.ssfmalappuram.com

Sunday, November 23, 2008

SSF‌ ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങി; അരലക്ഷം പേരുടെ റാലി ഇന്ന്‌


മലപ്പുറം: അനീതികളോടും അധാര്‍മികതയോടും രാജിയാകാന്‍ ഒരുക്കമല്ലെന്ന്‌ ഉച്ചൈസ്തരം പ്രഖ്യാപിച്ച്‌ പോരാട്ടങ്ങളുടെ വീരചരിതമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ ധര്‍മ വിപ്ലവ പോരാളികള്‍ ഒത്തുചേര്‍ന്നതോടെ രണ്ടു നാളത്തെ കേരളം കണ്ട കരുത്തുറ്റ ധര്‍മ വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി. മതധ്യാപനങ്ങളെ ദുരുപയോഗം ചെയ്ത്‌ തീവ്രവാദവും വര്‍ഗീയതയും മതത്തിന്റെ ലേബലില്‍ ചിലവഴിക്കുന്ന ശിഥില ശക്തികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും നവോഥാനത്തിന്റെ മറവില്‍ മത പാരമ്പര്യത്തെ അവമതിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപിച്ച ജില്ലാ കൗണ്‍സില്‍ എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ്‌, സെക്ടര്‍, ഡിവിഷന്‍ തലങ്ങളിലെ മെമ്പര്‍ഷിപ്പ്‌ പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ്‌ ആധികാരിക മത വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ ഘടകത്തിന്റെ പുതിയ ചുവടു വെപ്പിന്‌ കാതോര്‍ക്കുന്ന സംഘമത്തിനരങ്ങൊരുങ്ങിയത്‌. ജില്ലയുടെ മതകീയ പ്രവര്‍ത്തനങ്ങളുടെ ഭാവി ഭാഗഥേയം നിര്‍ണയിക്കുന്ന സമ്മേളനത്തിന്‌ പോരാട്ടങ്ങളുടെ ചരിത്ര ഭൂമി അത്യുത്സാഹത്തോടെയാണ്‌ ആതിഥ്യമരുളുന്നത്‌. സംഘടനയുടെ സംഘ ശക്തി വിളിച്ചോതുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളോടെയാണ്‌ ജില്ലാ ആസ്ഥാനത്ത്‌ സമ്മേളനത്തിന്‌ കൊടിയുയര്‍ന്നത്‌. നഗരം നിറഞ്ഞു നില്‍ക്കുന്ന ത്രിവര്‍ണ പതാകകളും തോരണങ്ങളും പ്രവര്‍ത്തകരുടെ ആവേശം വിളിച്ചോതുന്നതാണ്‌. ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന കൗണ്‍സില്‍ ജില്ലയിലെ വരുന്ന രണ്ടു വര്‍ഷത്തെ മത പ്രബോധന ദൗത്യത്തിന്‌ നേതൃത്വം നല്‍കുന്ന അമരക്കാരെ തിരഞ്ഞെടുക്കും. സമ്മേളനത്തിലെ പ്രധാന ഇനമായ പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെയും ജില്ലയിലെ പ്രവര്‍ത്തകരുടെ സംഗമം ഉച്ചക്കും കുന്നുമ്മലിലെ വാരിയംകുന്നന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം സംഘടനാ സംസ്ഥാന കാര്യദര്‍ശി വിപിഎം ബഷീര്‍ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പഴയകാല നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എം.അബൂബക്കര്‍ മാസ്റ്റര്‍, കീലത്ത്‌ മുഹമ്മദ്‌ മാസ്റ്റര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ അരലക്ഷം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ സമ്മേളനം സമാപിക്കും. ധര്‍മ ചേതനയുടെ മഹാ പ്രവാഹം ഫാസിസ്റ്റ്‌ തീവ്രവാദ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ താക്കീതാകുന്നതോടൊപ്പം സുന്നി കൈരളിയുടെ കുതിപ്പിനുള്ള ആവേശവും ഇന്ധനവുമാകും.

സമാപന സമ്മേളനം കോട്ടപ്പടിയില്‍ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സിപി സൈതലവി മാസ്റ്റര്‍, പ്രൊഫ. കെഎംഎ റഹീം സാഹിബ്‌, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍ പ്രഭാഷണം നടത്തും