Thursday, March 25, 2010

ധാർമ്മിക പ്രതിരോധം തിർത്ത് SSF ജൈത്രയാത്ര (അഭിമുഖം)

ധാർമിക പ്രതിരോധം തീർത്ത്‌ എസ്‌എസ്‌എഫിന്റെ ജൈത്രയാത്ര നഗര-ഗ്രാമാന്തരങ്ങൾ ഇളക്കി മറിച്ച്‌ എസ്‌എസ്‌എഫ്‌ സെക്ടർ സമ്മേളനങ്ങൾക്ക്‌ അരങ്ങുണർന്നു. കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന തലക്കെട്ടോടെ സമ്മേളനങ്ങളുടെ ചരിത്രത്തിൽ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്ന സെക്ടർ സമ്മേളനങ്ങൾ അരങ്ങിലെത്തും മുമ്പെ ജനശ്രദ്ധ നേടി. നാടിന്റെ മന:സാക്ഷിയുണർത്തി ജൈത്രയാത്ര തുടരുന്ന എസ്‌എസ്‌എഫ്‌, സാമൂഹ്യ -സാംസ്കാരിക -വൈജ്ഞാനിക മണ്ഡലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണിന്ന്‌. പുതിയ പശ്ചാത്തലത്തിൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. അബ്ദുറസാഖ്‌ സഖാഫി എസ്‌എസ്‌എഫ്‌ മലപ്പുറം ഡോട്കോമുമായി സംസാരിക്കുന്നു.


കേരളത്തിലെ മുസ്ലിം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ നിർവഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം എന്താണ്‌?

1973ൽ സംഘടന രൂപീകരിച്ചതു മുതൽ ഇന്നു വരെ ഉയർത്തിപ്പിടിച്ച ധാർമിക വിപ്ലവം എന്ന ഉജ്വല മുദ്രാവാക്യം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. ദ്വിധ്രുവങ്ങളിൽ സഞ്ചരിച്ചിരുന്ന മത ഭൗതിക വിദ്യാർഥികളിൽ പാരസ്പര്യം തീർത്തതോടൊപ്പം സമന്വയ വിദ്യാഭ്യാസം എന്ന ആശയംകൂടി സംഘടന സൃഷ്ടിച്ചതു വൈജ്ഞാനിക വിചാരത്തിന്റെ ഭാഗമായിരുന്നു.

കലാലയങ്ങളിൽ ധാർമികതക്കു വേണ്ടി ശബ്ദിക്കുന്ന സമരബോധമുള്ള സംഘത്തെ സൃഷ്ടിക്കുകയും അധിനിവേശ ശക്തികൾക്കിതിരെയും അവരുടെ ചതിക്കെണികൾക്കെതിരെയും അവബോധം സൃഷ്ടിക്കുകയും ചെറുത്തു നിൽപ്പിന്റെ ധീരമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. പാരമ്പര്യവും പൈതൃകവും സമുദായത്തിന്റെ മൂല്യങ്ങളുടെ ശക്തി സ്രോതസ്സുകളാണ്‌. അവയെ മുസ്ലിം സമുദായത്തിൽ നിന്ന്‌ പറിച്ചെറിയാൻ ധൃതി കൂട്ടി രംഗത്തു വന്ന പുരോഗമന പ്രസ്ഥാനങ്ങൾക്കെതിരെ സംഘടന ആദർശ വിപ്ലവത്തിന്റെ ഒരു മഹാഗാഥ തന്നെ തീർത്തു. നവോത്ഥാനത്തിന്റെ കപടക്കുപ്പായമണിഞ്ഞ്‌ അര നൂറ്റാണ്ട്‌ കേരളീയ സമൂഹത്തിൽ വിഡ്ഢിത്തം വിളമ്പിയ കളവിന്റെ ക്രൂര രചനകളെ രിസാലയിലൂടെ നിശബ്ദമാക്കാൻ സാധിച്ചു. മതരാഷ്ട്രവാദത്തിന്റെയും മറ്റും വൈകാരിക പ്രക്ഷുബ്ധതകൾ തീർത്ത്‌ വർഗീയ തീവ്ര വൃത്തികേടുകൾ സമുദായത്തിൽ അടിച്ചേൽപ്പിക്കാനുള്ള ദുഷ്ട നീക്കങ്ങളെ സംഘടന ശക്തമായി പ്രതിരോധിച്ചു. അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന വിദ്യാർഥി- യുവജനങ്ങൾക്കിടയിൽ രാഷ്ട്രീയബോധത്തിന്റെ ചിന്താമുദ്രകൾ തീർക്കുന്നതിൽ സംഘടന ഒട്ടേറെ മുന്നോട്ടു പോയി.

സാമൂഹികവത്കരണത്തിന്റെ പക്വവും മാതൃകാപരവുമായ കർമ നൈരന്തര്യങ്ങളുമായാണ്‌ സംഘടനയുടെ പ്രയാണം.

പുതിയ കാലത്തും പഴയ പരിപാടികളും മുദ്രാവാക്യവും പ്രസക്തമാകുന്നതെങ്ങനെ?

നേരത്തേ സൂചിപ്പിച്ചുവല്ലോ. ധാർമിക വിപ്ലം ഇന്ന്‌ കൂടുതൽ പ്രസക്തമാവുകയാണ്‌. സംഘടനയുടെ സ്ഥാപക നേതാക്കളുടെ ദീർഘദൃഷ്ടി നമുക്കിവിടെ വായിച്ചെടുക്കാം.

വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ ചെലുത്തുന്ന സ്വാധീനം? വരുത്തുന്ന മാറ്റങ്ങൾ?
സംഘടന നടത്തിപ്പോന്ന കാമ്പയിനുകൾ, സമ്മേളനങ്ങൾ എന്നിവ വിദ്യാർഥി യുവജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. പാൻ മസാലകൾക്കെതിരെയും പലിശക്കെതിരെയും നടത്തിയ സമരങ്ങൾ, മദീന മഖ്ദൂം സമ്മേളനങ്ങൾ എന്നിവ വലിയ ഫലങ്ങളാണ്‌ സൃഷ്ടിച്ചതു. കാമ്പസുകൾ എടുത്തു പറയേണ്ടതാണ്‌. പ്രോഫഷണൽ കാമ്പസുകളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾക്കു പോലും സാധ്യമാകാത്ത വിധത്തിലുള്ള ശക്തമായ സ്വാധീനം ഇന്ന്‌ സംഘടന കൈവരിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ തെക്കൻ ജില്ലകളിൽ.

വിദ്യാർഥി പ്രസ്ഥാനമെങ്കിലും സംഘടനയുടെ വേരുകൾ പ്രാദേശിക-ഗ്രാമീണ മേഖലയിലാണ്‌. വിദ്യാർഥി സമൂഹത്തെ മാറ്റിനിർത്തി ഉപരിവിഭാഗം സംഘടനക്കു നേതൃത്വം നൽകുന്നു?

വിദ്യാർഥിപ്രസ്ഥാനമെന്ന നിലയിൽ ഇന്ന്‌ സംഘടനയുടെ വേരുകൾ പ്രാദേശിക ഗ്രാമീണ മേഖലകളെപ്പോലെ തന്നെ കാമ്പസുകളുമാണ്‌. വിദ്യാർഥി സമൂഹതത്തെ മാറ്റി നിർത്താതെ തന്നെയുള്ള നേതൃസാന്നിധ്യമാണ്‌ ഇന്ന്‌ സംഘനാ രംഗത്തുള്ളത്‌.

സെക്ടർ സമ്മേളന സന്ദേശത്തിന്റെ സാഹചര്യം?

കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം ഇതാണല്ലോ സമ്മേളന പ്രമേയം. അധാർമികതയും അരാചകത്വവും അടക്കി ഭരിക്കാനൊരുമ്പെടുന്ന നവ സമൂഹത്തിൽ നേരിന്റെയും നീതിയുടെയും പക്ഷത്ത്‌ ഉറച്ചു നിന്ന്‌ പൊരുതുന്ന പോരാളി സംഘത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്‌ തീർച്ചയായും രംഗമണ്ഡലം തീർക്കേണ്ടിയിരിക്കുന്നു. വിദ്യാർഥിത്വവും യുവത്വവും ചാപല്യങ്ങൾക്കടിപ്പെടുന്ന ദുരന്ത രംഗങ്ങൾ, വിഭാഗീയതയുടെ പേരിലുള്ള രക്തക്കളികൾ, ധൂർത്തിന്റെയും ധിക്കാരത്തിന്റെയും രാക്ഷസീയതകൾ...ഇവിടെയാണ്‌ ധാർമിക പ്രതിരോധത്തിന്റെ അനിവാര്യത.

സമ്മേളന പരിപാടികൾ സമൂഹത്തോട്‌ എന്തു പറയുന്നു? എന്തു പ്രതീക്ഷിക്കുന്നു?

സമ്മേളനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിക്കപ്പെട്ട എട്ടിന പദ്ധതി സമൂഹത്തിൽ നല്ല സ്വാധീനമാണ്‌ ചെലുത്തിയത്‌. ലോകമിതവ്യയദിനം, ആശയ സമ്പർക്കം, വിചാരസഭ, സ്നേഹ സംഗമം തുടങ്ങിയ നാടിന്റെ ഭദ്രതയും സമൂഹത്തിന്റെ കെട്ടുറപ്പുമാണ്‌ ഈ പരിപാടികൾ ആഹ്വാനം ചെയ്തത്‌. ഇത്തരം നന്മയുടെ മുന്നേറ്റങ്ങളോട്‌ ഒട്ടിച്ചേർന്നു നിൽക്കുന്നതിൽ സമൂഹം ഇനിയും വളരെയധികം ശക്തി കാണിക്കുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം.

സമ്മേളന പരിപാടികളിലൂടെ സംഘടന ആർജിക്കുന്നതെന്ത്‌? സംഘടനാ ശാക്തീകരണം തന്നെ. ഖാലിദിയ്യ സമ്മേളനത്തിലെ പ്രഖ്യാപിത അജണ്ടകളിൽ ഉറച്ച്‌ ചവിട്ടിയുള്ള മുന്നേറ്റത്തിലൂടെ. ആഭ്യന്തര സജ്ജീകരണത്തിൽ പ്രവർത്തകർ ഒരുപാട്‌ മുന്നോട്ടു പോയി. യൂണിറ്റ്‌ ശാക്തീകരണത്തിന്റെ വിളംബരപ്പെടുത്തലിനൊപ്പം സെക്ടർ ശാസ്ത്രീയ സംവിധാനത്തിന്റെ ഉദ്ഘോഷവും കൂടിയാണ്‌ നടന്നു വരുന്നത്‌.

എസ്‌എസ്‌എഫിൽ നിന്ന്‌ സമൂഹത്തിന്‌ ഇനിയെന്തൊക്കെ പ്രതീക്ഷിക്കാം?

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികം നിസ്വാർഥമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാമൂഹിക രംഗത്ത്‌ സംഘടന നടത്തിയ മുന്നേറ്റം എന്നത്തെയും അഭിമാന മുദ്രകളാണ്‌. ഇനിയും ഏറ്റവും നവ്യമായ കാഴ്ചപ്പാടുകളോടെ ഈ സമൂഹത്തിന്റെ നൻമക്ക്‌ വേണ്ടി ജീവിക്കാൻ എസ്‌എസ്‌എഫ്‌ എന്നുമുണ്ടായിരിക്കും.

പ്രോഫഷണൽ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ സന്ദർശിച്ചുവല്ലോ; വിസ്ഡം സമൂഹത്തിൽ സ്വാധീനം ചെലുത്തുമോ?

തീർച്ചയായും. ക്രമബദ്ധമായി ആവിഷ്കരിക്കപ്പെട്ട വിസ്ഡം സ്കോളർഷിപ്പ്‌ പദ്ധതിക്ക്‌ സമൂഹത്തിൽ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. യുഎഇ സന്ദർശനത്തിൽ ഒരുപാട്‌ നല്ല മനുഷ്യരുടെ സഹകരണവും സന്തോഷ പ്രകടനവും അറിഞ്ഞപ്പോൾ ഈ രംഗത്ത്‌ കൂടുതൽ കരുത്തു കൈവരിക്കാനാകുന്നു. വിസ്ഡം പദ്ധതിയിലൂടെ പ്രബോധന ബോധമുള്ള സാമൂഹിക ചിന്തയുള്ള സമർപ്പിതരായ ഒരുകൂട്ടം അഭ്യസ്ഥവിദ്യരെ ഈ സമൂഹത്തിന്‌ സമർപ്പിക്കാൻ സാധിക്കും തീർച്ച. അല്ലാഹു അനുഗ്രഹിക്കട്ടെ.


SSF ചരിത്രവഴികൾ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

എസ്.എസ്.എഫ്. മലപ്പുറം.കോം

1 comment:

prachaarakan said...

കേരളത്തിലെ മുസ്ലിം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ നിർവഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം എന്താണ്‌?

നാടിന്റെ മന:സാക്ഷിയുണർത്തി ജൈത്രയാത്ര തുടരുന്ന എസ്‌എസ്‌എഫ്‌, സാമൂഹ്യ -സാംസ്കാരിക -വൈജ്ഞാനിക മണ്ഡലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണിന്ന്‌. പുതിയ പശ്ചാത്തലത്തിൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. അബ്ദുറസാഖ്‌ സഖാഫി എസ്‌എസ്‌എഫ്‌ മലപ്പുറം ഡോട്കോമുമായി സംസാരിക്കുന്നു.