
ഈമാസം 26മുതല്‍ 28വരെ മഞ്ചേശ്വരം മള്ഹര് കാമ്പസിലെ ഖാലിദിയ്യയില്‍ നടക്കുന്ന എസ്എസ്എഫ് സംസ്ഥാന പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് ജിഫ്രി ഹൗസില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് കൈമാറുന്നു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി സമീപം
കോഴിക്കോട്: മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ധൈഷണികവും ആത്മീയവുമായ നേതൃത്വം നല്കിയ ശൈഖ് ജിഫ്രി തങ്ങളുടെ മഖ്ബറ സിയാറത്തോടെ ഖാലിദിയ്യയില്‍ ഉയര്‍ത്താനുള്ള പതാക പ്രയാണത്തിന് കുറ്റിച്ചിറ ജിഫ്റി ഹൗസില്‍ പ്രൗഢമായ തുടക്കം. എസ്എസ്എഫിന്റെ മൂന്നരപതിറ്റാണ്ടിലെ ധാര്‍മിക പോരാട്ട ചരിത്രത്തില്‍ പുതിയൊരു ചരിത്രം വിരചിതമാകുന്ന സംസ്ഥാന പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകജാഥയുടെ ഉദ്ഘാടന വേദിയായി കുറ്റിച്ചിറയിലെ ജിഫ്രി ഹൗസിനെ തിരഞ്ഞെടുത്തത് ഒരുപാട് അര്ഥതലങ്ങളോടെയാണ്. ഒരു കാലഘട്ടത്തിന്റെ മുസ്ലിം മുന്നേറ്റത്തിന് വേദിയായ ജിഫ്രി ഹൗസ് സമസ്ത അടക്കമുള്ള സംഘശക്തിയുടെ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങളുടെ തുടക്കം തന്നെ ജിഫ്രി ഹൗസിലായിരുന്നു. ശൈഖ് ജിഫ്രിയുടെ മഖാമില്‍ സിയാറത്ത് നടത്തിയശേഷം ജിഫ്രി കുടുംബത്തിന്റെ ഇന്നിന്റെ ആത്മീയ നേതൃത്വം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളില്‍ നിന്നും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ നേതൃത്വത്തില്‍ എസ്എസ്എഫ് സംസ്ഥാന സാരഥികളും സ്വാഗതസംഘം ഭാരവാഹികളും പതാക ഏറ്റുവാങ്ങി. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. വിപിഎം ബശീര്‍, സി.അബ്ദുല്‍ മുസ്ലിയാര് ഉപ്പള, ഹസ്ബുള്ള തളങ്കര, മുനീര്‍ ബാഖവി തുരുത്തി, മൂസ സഖാഫി കളത്തൂര്‍, ഹാമിദ് സഖാഫി പാലായി, അലി പൂച്ചക്കാട്, ഹക്കീം അത്തോളി, അബ്ദുല്‍ പന്നിയങ്കര തുടങ്ങിയവര്‍ സംസാരിച്ചു. സുന്നി കൈരളിയുടെ എക്കാലത്തെയും ആവേശവും ദീര്‍ഘകാലം കാസര്‍കോട് ഖാസിയുമായിരുന്ന ഇ കെ ഹസന് മുസ്ലിയാരുടെ പറമ്പില്‍ മഖാം, മടവൂര്‍ മഖാം ശരീഫ്, വടകര ഹാജി തങ്ങളുടെ മഖാം എന്നിവിടങ്ങളിലെ സിയാറത്തിനുശേഷം ചൊക്ലിയിലെ ഒ.ഖാലിദിന്റെ ഖബറിനരികില്‍ പതാക എത്തിച്ചേര്‍ന്നു. കുറഞ്ഞ കാലം കൊണ്ട് എസ്എസ്എഫിന്റെ കര്‍മപഥത്തില്‍ ആത്മീയശോഭ പരത്തി മണ്മറഞ്ഞ പ്രിയപ്പെട്ട പ്രവര്‍ത്തകന്റെ ഖബറിടത്തില്‍ നിറകണ്ണുകളോടെ പ്രവര്‍ത്തകര്‍ സിയാറത്ത് നടത്തി. മുന്‍ കാഞ്ഞങ്ങാട് ഖാസിയും സഅദിയ്യുടെ പ്രിന്‍സിപ്പലുമായിരുന്ന പിഎ അബ്ദുല്ല മുസ്ലിയാരുടെ മട്ടന്നൂരിലുള്ള ഖബര്‍ സിയാറത്തോടെ രാത്രി വൈകി ഒന്നാംദിവസത്തെ പ്രയാണം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ കൊറ്റി അബ്ദുല്‍ റസാഖിന്റെ ഖബറിടത്തില്‍ നടക്കുന്ന കൂട്ടസിയാറത്തോടെ രണ്ടാം ദിവസത്തെ പ്രയാണം തുടങ്ങി. ബുധനാഴ്ച രാവിലെ മുഹിമ്മാത്ത് നഗറില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നിന്നാണ് പ്രയാണം തുടങ്ങുന്നത്.

24/12/2008
www.ssfmalappuram.com